പാലായില്‍ കോപ്പിയടി ആരോപിച്ച് പുഴയില്‍ ചാടി മരിച്ച അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബിവിഎം കോളേജിന് വീഴ്ചപറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് അറിയിച്ചു. സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ സര്‍വകലാശാല നടപടിയെടുത്തു. ഇദ്ദേഹത്തെ പരീക്ഷാ ചുമതലയില്‍ നിന്നും ചീഫ് സൂപ്രണ്ട് പദവിയില്‍ നിന്നും മാറ്റിയതായി സാബു തോമസ് പറഞ്ഞു.
കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. സര്‍വകലാശാലയ്ക്കാണ് അത് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ജുവിന്റെ മരണത്തില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് നിലവില്‍ സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്. പ്രിന്സിപ്പിളിനതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് യൂണിവേഴ്സിറ്റി മുന്നറിയിപ്പ്.