കോട്ടയം: 12 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷം കാനം രാജേന്ദ്രന്റെ ഭൗതികശരീരം കാനത്തെ വസതിയില്‍ എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്ക്ക് ഒടുവില്‍ ഭൗതികശരീരം സ്വന്തം മണ്ണില്‍ എത്തിയത്. ഇന്ന് 11 മണിയോടെ നടക്കുന്ന സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്ര കോട്ടയത്തെത്താന്‍ പതിവിലും വൈകി..എംസി റോഡിന്റെ ഇരുവശവും പ്രവര്‍ത്തകര്‍ തടിച്ചുകൂടി.
കന്യാകുളങ്ങരയിലും കിളിമാനൂരും തടിച്ചു കൂടിയ ജനക്കൂട്ടത്തെ ഭേദിച്ച് കൊല്ലത്തെ സിപിഐയുടെ ശക്തി കേന്ദ്രങ്ങളിലേക്ക്. പറഞ്ഞതിലും വൈകിയെങ്കിലും ജനം നേതാവിനെ കാണാന്‍ ക്ഷമയോടെ കാത്തുനിന്നു.
അതിര്‍ത്തിയായ ചങ്ങനാശ്ശേരിയില്‍ വെച്ച് കോട്ടയം സിപിഐ ജില്ലാ സെക്രട്ടറി വിബി ബിനു ഭൗതികശരീരം ഏറ്റുവാങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയായി. സ്വന്തം തട്ടകത്തിലേക്കുള്ള വേദനാജനകമായ മടക്കം.. കാനത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ഏറെ കേട്ട തിരുനക്കര മൈതാനവും വിലാപയാത്രയില്‍ മൗനം ചൂടി.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളും രാഷ്ട്രീയം മറന്ന് അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ സിപിഐ ഡിസി ഓഫീസിലേക്ക്. രണ്ടുമണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനുശേഷം പുലര്‍ച്ചെ രണ്ടരയോടെയാണ് ഭൗതികശരീരം കാനത്തെ വീട്ടിലെത്തിച്ചത് .