പുതുപ്പള്ളി: കനത്ത മഴയ്ക്കിടെ പുതുപ്പള്ളിയിൽ പോളിങ് പുരോഗമിക്കുന്നു. ഇതുവരെ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാല്‍പ്പത് ശതമാനം കടന്നു. പാമ്പാടി, അയര്‍ക്കുന്നം, പുതുപ്പള്ളി, മണര്‍കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ. ഉച്ച സമയവും മഴയും കാരണം വോട്ടിങ് മന്ദഗതിയിലാണ് തുടരുന്നത്. എന്നാൽ രാവിലെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.
ഇത്തവണ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 2021ല്‍ 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. 2016ല്‍ 77.40 ശതമാനം,74.44 ശതമാനം എന്നിങ്ങനെ പോളിങ് നടന്നു. ഇത്തവണ കടുത്ത പോരാട്ടം നടക്കുമെന്നതിനാല്‍ പോളിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. വൈകിട്ട് ആറ് വരെയാണ് പോളിങ്. അത് വരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാൻ സാധിക്കും. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍. രാഷ്ട്രീയ സാഹചര്യങ്ങളുടെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അപ്പയില്ലാത്ത വോട്ടെടുപ്പ് ആണ് ഇത്തവണത്തേത്. എല്ലാ തവണയും അപ്പയുണ്ടായിരുന്നു. വിഷമമുണ്ട്. എന്നാല്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാനുള്ള ജനങ്ങളുടെ താല്പര്യം ആഹ്ളാദം നല്‍കുന്നതാണ്. പുതുപ്പള്ളിയില്‍ പോസിറ്റീവ് പ്രതികരണമാണുള്ളത്. ഉമ്മന്‍ ചാണ്ടിയ്ക്ക് ഈ മണ്ഡലത്തിലെ ഓരോ മനുഷ്യരും കുടുംബമായിരുന്നു. വികസനവും കരുതലുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 126-ാം നമ്പര്‍ ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. പുതുപ്പളളി പളളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിങ് ബൂത്തിലെത്തിയത്. അമ്മയുടെ കൈയില്‍ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യാനെത്തിയത്. നേരത്തെ ഭാര്യ മറിയാമ്മയില്‍ നിന്ന് വോട്ടിങ് സ്ലിപ്പ് കൈപ്പറ്റിയാണ് ഉമ്മന്‍ ചാണ്ടി വോട്ട് ചെയ്തിരുന്നത്. ഈ പതിവാണ് മകന് പിന്തുടര്ന്നത്.
ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നാണ് മണര്‍കാട് ഗവ. എല്‍പി സ്കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല സ്ഥാനമെന്ന് ജെയ്ക് പറഞ്ഞു. മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങള്‍ വര്‍ധിത വീര്യത്തോടെയും ആവേശത്തോടെയും വോട്ട് ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വികസനത്തേയും പുതുപ്പള്ളിയുടെ ജീവിതപ്രശ്നങ്ങളേയും സംബന്ധിച്ചാണ് ഈ തിരഞ്ഞെടുപ്പ്. വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യുഡിഎഫാണ്. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളി സൃഷ്ടിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂട്ടിച്ചേര്‍ത്തു.
അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ കടത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല. എന്നാല്‍ വിജയ പ്രതീക്ഷയുണ്ടെന്നും എന്‍ഡിഎ വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും ലിജിന്‍ ലാല്‍ പറഞ്ഞു.
കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര് മത്സര രംഗത്തുണ്ട്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വികസന വിഷയങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് വോട്ട് തേടിയപ്പോൾ, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ മുഖ്യ പ്രചാരണം.