വര്‍ക്കല: റോഡരികില്‍ കൂട്ടിയിട്ട പുല്ലിന് തീയിട്ട വയോധികന് പൊള്ളലേറ്റു. പുന്നമൂട് സ്വദേശി വിക്രമന് നായര്‍(74)ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് രാവിലെ പുരയിടം വൃത്തിയാക്കി റോഡരികില്‍ തീ ഇടുന്നതിനിടെയാണ് വിക്രമന് നായര്‍ക്ക് പൊളളലേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പുല്ലില്‍ നിന്ന് തീ പുരയിടത്തിലേക്ക് പടരുകയും ഇത് അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിക്രമന് നായരുടെ ദേഹത്ത് തീ ആളിപ്പടരുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം. തീയണക്കാനെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരനായ വിഷ്ണു കണ്ടത് പൊളളലേറ്റ് കിടക്കുന്ന അച്ചനെയാണ്. തുടര്‍ന്ന് വിഷ്ണുവും സഹപ്രവര്‍ത്തകരുമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വര്‍ക്കല ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം അംഗമാണ് വിഷ്ണു.
പുരയിടത്തിന് തീ കത്തുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനിടെയാണ് പുരയിടത്തിലെ മാവിന്റെ ചുവട്ടില്‍ വിക്രമന് നായരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.