പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച വിഷയത്തിൽ മന്ത്രി എ. കെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. എ. കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവയ്ക്കണം. എ. കെ ശശീന്ദ്രൻ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പദവി ദുരുപയോഗം ചെയ്ത മന്ത്രി എ. കെ ശശീന്ദ്രൻ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും വി. ഡി സതീശൻ പറഞ്ഞു.
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി പരാതികാരിയായ യുവതിയുടെ പിതാവിനെ വിളിച്ച ഒതുക്കി തീർക്കാൻ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തു വന്നതോടെ ആണ് വിഷയം പുറം ലോകം അറിയുന്നത്. എ. കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിനെ വിളിക്കുന്നത്.
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നൽകുന്നതിന് മുൻപ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. പരാതി നൽകിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാർച്ച് ആറിനാണ് സംഭവം നടന്നത്.