കൊല്ലം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ അറിയിക്കും. ഒരു ഗവര്‍ണര്‍ എന്തും വിളിച്ചുപറയാവുന്ന മാനസിക അവസ്ഥയിലെത്താമോയെന്നും ബാനര്‍ സ്ഥാപിച്ചത് തന്റെ അറിവോടെയാണെന്ന പ്രസ്താവന ജല്പനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണ്. എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയാണ് ഗവര്‍ണര്‍ക്ക്.
പ്രതിഷേധത്തിനെതിരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ എവിടെയെങ്കിലുമുണ്ടോ? ഏതെല്ലാം കഠിനപദങ്ങളാണ് കുട്ടികളെ നേരിടാന്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് കത്തെഴുതുന്നത് ആലോചിക്കുമെന്നും അദ്ദേഹം കൊട്ടാരക്കരയില്‍ പറഞ്ഞു.
അതേസമയം, ഗണ്മാന് ആക്രമിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന വാദം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കണ്മുന്നില് കണ്ട കാര്യങ്ങളാണ് താന്‍ പറയുന്നത്. ദൃശ്യമാധ്യമങ്ങളും പത്രവും കണ്ടിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പലരും വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയുമെന്നും എസ്കോര്ട് ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.