കൊല്ലം: തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി.
ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
വയോധികയായ ഏലിയാമ്മ വര്‍ഗീസിനെ മരുമകള്‍ മഞ്ജുമോള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഹയര്‍ സെക്കണ്ടറി അധ്യാപികയായ മഞ്ജുമോളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. അന്വേഷണസംഘം വീട്ടിലെത്തി ഏലിയാമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് മഞ്ജുമോള്‍ മര്‍ദിച്ചിരുന്നത്. ഇടയ്ക്കിടെ വീട്ടില്‍ പൂട്ടിയിടാറുണ്ടെന്നും മര്‍ദനത്തിനിടെ താന്‍ നിലത്തേക്ക് വീണാല്‍ നിലത്തിട്ട് ചവിട്ടാറുണ്ടെന്നും ഇവര്‍ പറഞ്ഞു.