കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിദേശമദ്യം പിടികൂടി. ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്റ് എക്സ്പ്രസില്‍ പരിശോധനയിലാണ് പട്ടാളക്കാരനെ മദ്യവുമായി പിടികൂടിയത്. 97 ഓളം കുപ്പികളാണ് കണ്ടെത്തിയത്. 67 കുപ്പികളിലായി 37 ലിറ്റര്‍ വിദേശമദ്യമാണ് ഉണ്ടായിരുന്നത്. ആറ്റിങ്ങല്‍ കാരിച്ചാല്‍ പാലവിള വീട്ടില്‍ അമല്‍ (28) ആണ് പിടിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിന് സമീപത്ത് സംശയാസ്പദമായി കാണപ്പെട്ടയാളില്നിന്ന് 37 കുപ്പികളിലായി 26 ലിറ്റര്‍ വിദേശമദ്യവും റെയിൽവേ പോലീസ് പിടിച്ചെടുത്തു. ഐ.ടി പ്രഫഷനലായ കഴക്കൂട്ടം കൈലാസത്തില്‍ അനില്‍കുമാര്‍ (38) ആണ് പിടിയിലായത്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു.
റെയില്‍വേ പോലീസ് എസ്.പി ഗോപകുമാറിെന്റ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പിമാരായ പ്രശാന്ത്, ജോര്‍ജ് ജോസഫ്, സി.ഐ ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രമേഷ്, രവികുമാര്‍, രതീഷ്, സതീഷ് ചന്ദ്രന്, സജില്‍, മുകേഷ് മോഹന്‍, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിയത് തുടർന്നാണ് വിദേശമദ്യം പിടിച്ചെടുത്തത്.