കൊല്ലം: പരവൂര്‍ മുനിസിഫ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ മജിസ്ട്രേട്ടുമാരുടെ മൊഴിയെടുക്കാന്‍ നീക്കം.വകുപ്പുതല അന്വേഷണം നടത്തുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ( ഹെഡ്ക്വാര്‍ട്ടേഴ്സ് ) കെ. ഷീബ ഇതിനായി ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
കഴിഞ്ഞ മാസം 23 – നാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് റ്റി.എ. ഷാജി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു നിര്‍ദശം. ഇതിന്റെ ഭാഗമായി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് വിവരം.
മജിസ്ട്രേട്ടുമാരുടെ മൊഴികള്‍ കൂടി രേഖപ്പെടുത്തിയാലേ അന്വേഷണം പൂര്‍ത്തിയാകുകയുള്ളൂ. അതിനു ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
അതേസമയം, സംഭവത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ ഒട്ടും പുരോഗതില്ലാത്ത അവസ്ഥയാണ്. ആരോപണ വിധേയരായ കൊല്ലത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഒഫ് പ്രോസിക്യൂഷന് അബ്ദുള്‍ ജലീല്‍, പരവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ എപിപി കെ. ആര്. ശ്യാം കൃഷ്ണ എന്നിവരുടെ മൊഴികള്‍ ഇതുവരെ എടുക്കാന്‍ ഇതുവരെ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല.
ആരോപണ വിധേയരായവര്‍ സസ്പെന്‍ഷനില്‍ ആയിട്ടു പോലും അവരുടെ മൊഴിയെടുക്കാത്തതില്‍ അഭിഭാഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്.
അനീഷ്യ ആത്മഹത്യ ചെയ്തത് ജനുവരി 21നാണ്. 23ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവ് ഇറങ്ങി. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 24ന് ക്രൈംബ്രാഞ്ചിന് കൈമാറി. അസ്വാഭാവിക മരണം എന്ന വകുപ്പില്‍ തന്നെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടുള്ളത്. അനീഷ്യയുടെ ബന്ധുക്കളുടെ മൊഴി മാത്രമാണ് ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ജോലി സ്ഥലത്തെ മാനസിക പീഡനവും തൊഴില്‍പരമായ വിവേചനവും കാരണമാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്ന് സൂചിപ്പിക്കുന്ന അനീഷ്യയുടെ ഡയറി കുറിപ്പുകളും ശബ്ദ സന്ദേശങ്ങളും തെളിവായി ലഭിച്ചിട്ടും അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് മെല്ലെപ്പോക്കിലാണ്.
അനീഷ്യയുടെ മൊബൈല്‍ ഫോണും ഡയറിക്കുറിപ്പുകളും സൈന്റിഫിക് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. ഇതിന്റെ ഫലം വന്ന ശേഷമേ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ അടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കുകയുള്ളൂ എന്നാണ് അറിയുന്നത്