ചാത്തന്നൂര്‍: സഹകരണ ബാങ്കിലെ നിയമനത്തെ ചൊല്ലി സിപിഐ ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗത്തെയും ഭാര്യയെയും വെട്ടി പരുക്കേല്‍പ്പിച്ചു. മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗമായ ഉളിയനാട് ചരുവിളവീട്ടില്‍ സുനില്‍കുമാറാണ് വീട്ടില്‍ കയറി ഇവരെ ആക്രമിച്ചത്. ഉളിയനാട് പുത്തന്‍വീട്ടില്‍ ബിനു(48) ഭാര്യ ശ്രീകല(38) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.ചിറക്കര സഹകരണബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിറക്കര ലോക്കല്‍ കമ്മിറ്റിയിലെ കോളേജ് വാര്‍ഡ് എ, ബി ബ്രാഞ്ച് കമ്മിറ്റികളുടെ സെക്രട്ടറിമാരാണ് സുനില്‍കുമാറും ബിനുവും. ലോക്കല്‍ കമ്മിറ്റിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇടപ്പെട്ട് ചര്‍ച്ചചെയ്യാന്‍ ശ്രമം നടന്നുവരുകയായിരുന്നു.