മാതാവും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി മോഷണ ശ്രമവും കുട്ടികള്‍ക്ക് നേരെ വധശ്രമവും. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. ശനി രാത്രി എട്ട് മണിക്ക് കാരാളികോണം കുഴിവിള ബംഗ്ലാവിൽ പരേതനായ നൗഷാദിന്റെ വീട്ടിലാണ് സംഭവം. നൗഷാദിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഇവിടെ താമസം. നൗഷാദിൻ്റെ മകൻ മുഹമ്മദ് നിസ്കരിക്കുന്നതിനായി പടിപ്പുരക്കകത്തെ ടാപ്പിനരികില്‍ നിന്ന് അംഗ സ്നാനം ചെയ്യുന്നതിനിടെയാണ് പത്തടിയോളം ഉയരമുള്ള മതില് ചാടി അകത്ത് കടന്ന മോഷ്ടാവിനെ കണ്ടത്. ഭയന്ന് കുളിമുറിയിലേക്ക് ഓടിക്കയറിയ മുഹമ്മദിനെ കുളിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് മോഷ്ടാവ് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശബ്ദം കേട്ട് ജനാലയിലൂടെ നോക്കിയ നൗഷാദിൻ്റെ പെണ് കുട്ടികളോടും ബഹളമുണ്ടാക്കിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പൈപ്പിലൂടെ കയറി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവ് പൈപ്പൊടിഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീണു. പെണ്‍കുട്ടികളുടേതടക്കം കൂട്ട നിലവിളി കേട്ട് ഓടിയെത്തിയ പരിസര വാസികളും നാട്ടുകാരും ചേര്‍ന്നാണ് മോഷ്ടാവിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ചടയമംഗലം പൊലീസില്‍ വിവരം അറിയിച്ചു. ആദ്യം മൂന്ന് പൊലീസുകാര്‍ എത്തിയെങ്കിലും പ്രതിയെ കൊണ്ടുപോകാന്‍ തയ്യാറായില്ല.
നൗഷാദിന്റെ ബന്ധുക്കള്‍ പിന്നീട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് സബ് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മോഷ്ടാവിനെ വൈദ്യ പരിശോധനക്ക് കൊണ്ടു പോയ ശേഷം തിരികെ സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു. കേസെടുക്കാതെ മോഷ്ടാവിനെ വിട്ടയച്ച പോലീസ് മോഷണം നടന്ന വീട്ടുകാരോട് എന്താണ് നടന്നതെന്ന് പോലും അന്വേഷിച്ചില്ല. എന്നാൽ നാട്ടുകാർ മർദ്ദിച്ചുവെന്ന പരാതി മോഷ്ടാവിൽ നിന്ന് പൊലീസ് എഴുതി വാങ്ങി.
കേസെടുക്കാതെ മോഷ്ടാവിനെ സംരക്ഷിക്കുന്ന ചടയമംഗലം പൊലീസിൻ്റെ നിലപാടിനെതിരെ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്ന്
നൗഷാദിന്റെ ബന്ധുക്കള്‍ പറഞ്ഞു. പത്തനാപുരം സ്വദേശിയാണെന്നും രഞ്ജിത്തെന്നാണ് പേരെന്നുമാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. മരംവെട്ട് തൊഴിലാളിയായ ഇയാൾ ജോലിക്കായി ആറ് മാസമായി കാരാളി കോണത്ത് താമസിച്ചു വരികയാണ്. ഇയാൾക്ക് കഞ്ചാവ് കച്ചവടമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.