കൊല്ലം : മഴ ശക്തമായ സാഹചര്യത്തില്‍ തെന്മല ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടര്‍ 30 സെൻറീമീറ്റര്‍ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടും. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്കി.സംസ്ഥാനത്തെ ഏറ്റവും വലിയ കാര്‍ഷിക ജലസേചന പദ്ധതിയാണ് കൊല്ലം ജില്ലയിലെ തെന്മല ഡാം.
110.69 മീറ്ററാണ് ഡാമിലെ ഇന്ന് രേഖപ്പെടുത്തിയ ജലനിരപ്പ്. 115.82 മീറ്റര്‍ ആണ് ഡാമിലെ പരമാവധി ജലനിരപ്പ്. മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനമായ 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവില്‍ സംഭരിച്ചിട്ടുള്ളത്.ഡാമിലെ ജലനിരപ്പ് 113.74 മീറ്ററിലെത്തിയാല്‍ ബ്ല്യൂവും 114.81 മീറ്ററിലെത്തിയാല്‍ ഓറഞ്ചും 115.45 മീറ്ററിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 504.92 ദശലക്ഷം ക്യുബിക് മീറ്ററാണ് പരമാവധി സംഭരണശേഷി.