കാസര്‍കോട് : യുവാവ് ശല്യം ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് ബദിയടുക്കയില്‍ എലി വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 10ാം ക്ളാസ് വിദ്യാര്‍ഥിനി മരിച്ചു. വിദ്യാർഥിനിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പനുസരിച്ച് കോട്ടക്കുന്ന് സ്വദേശി അൻവർ(24)നെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. യുവാവിന്റെ നിരന്തരമുള്ള ശല്യം സഹിക്ക വയ്യാതെയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
23ന് വൈകിട്ടാണ് വിദ്യാർഥിനിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മജിസ്ട്രേട്ടിനും പൊലീസിനും മൊഴി നൽകിയതോടെയാണ് കേസെടുത്തത്. സാമൂഹിക മാധ്യമം വഴി വിദ്യാർഥിനിയെ പരിചയപ്പെട്ട അൻവറിനെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്നും ശല്യം ചെയ്യുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒളിവിൽ പോയ അൻവറിനെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.