കാസര്‍കോട്: അശാസ്ത്രീയമായ രീതിയില്‍ എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയെന്ന പരാതി സംബന്ധിച്ച് അന്വേഷണത്തിനായി കേന്ദ്ര സംഘം ഇന്നെത്തും.കര്‍ണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്ത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് സമര്‍പ്പിച്ച പരാതിക്ക് പിന്നാലെയാണ് പരിശോധന നടത്താൻ ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയില്‍ കേന്ദ്ര സംഘം എത്തുന്നത്.
എൻഡോസള്‍ഫാൻ കുഴിച്ച് മൂടിയത് ശാസ്ത്രീയമായല്ലാത്തതിനാല് വര്‍ഷങ്ങള്‍ പിന്നിട്ടാലും ഭൂഗര്‍ഭ ജലത്തില്‍ എൻഡോസള്‍ഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസര്‍കോട് മിഞ്ചിപദവിലുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയെന്ന് 2013ല്‍ പ്ലാന്റേഷൻ കോര്പ്പറേഷൻ മുൻ തൊഴിലാളി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി സമര്‍പ്പിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്നലെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനുവരി രണ്ടിനകം വിദഗ്ധ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി കേരളത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എൻഡോസള്‍ഫാൻ ദുരിത ബാധിതയായ 12 വയസുകാരി മരണപ്പെട്ടിരുന്നു. കാസര്‍കോട് ബെള്ളൂര്‍ പൊസളിഗ കൃഷ്ണൻ – സുമ ദമ്ബതികളുടെ മകള്‍ കൃതിഷ ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.