കാസര്‍ഗോഡ്: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒറ്റ ദിവസം 13 വ്യവസായ കമ്പനികള്‍ കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്ത വിവരം എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്.ഇക്കാര്യത്തില്‍ കാസര്‍ഗോഡുകാര്‍ക്ക് അഭിമാനിക്കാം എന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നവകേരള സദസിന്റെ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക്ഷേമ പെൻഷനുകള്ക്കടക്കം സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കുകളും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിസന്ധിക്ക് അകത്ത് നിന്ന് കൊണ്ടാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിമിതികള്‍ക്കിടയിലും ഇന്ത്യയിലെ ആദ്യത്തെ സയൻസ് പാര്‍ക്ക്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം കേരളത്തില്‍ ആരംഭിച്ച കാര്യവും മന്ത്രി പി രാജീവ് എടുത്തുപറഞ്ഞു. അസാധ്യമെന്ന് കരുതിയ എല്ലാം ഇച്ഛാശക്തിയോട് കൂടി സര്‍ക്കാര്‍ നടപ്പാക്കി എന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലകളില്‍ ഉള്‍പ്പടെ പല മേഖലകള്‍ക്കിടയിലും കേരളം കൈവരിച്ച പുരോഗതിയും മന്ത്രി ചൂണ്ടിക്കാട്ടി.