ചെറുപുഴ: വീട്ടുമുറ്റത്തെ ഷെഡില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ തീയിട്ടു നശിപ്പിച്ചു. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയില്‍ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്.
തീ ഉയരുന്നതുകണ്ട് അയല്‍വാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.
തൊട്ടടുത്തു കിടന്ന കാറിനും ചെറിയ രീതിയില്‍ കേടുപറ്റി. ഷെഡിന്റെ ഷീറ്റും വീടിന്റെ ഭിത്തിയുമൊക്കെ തീ കത്തിയതിനാല്‍ കരിപിടിച്ചു കിടക്കുകയാണ്. ഓട്ടോറിക്ഷയ്ക്കരുകില് ചാക്കില്‍ കെട്ടിവെച്ചിരുന്ന അടയ്ക്കയും കത്തിനശിച്ചിട്ടുണ്ട്.
ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോളോ അതുപോലുള്ള എന്തെങ്കിലും ഒഴിച്ച ശേഷം തീയിട്ടതാകാമെന്നാണ് പോലീസ് പറയുന്നത്.