കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബുവാണ് അറസ്റ്റിലായത്. ഇയാള്‍ ബോംബ് നിര്‍മാണത്തില്‍ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ലാല്‍ പൊലീസ് കസ്റ്റഡിയിലാണ്. മിഥുന്‍ലാലിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ബോംബ് നിര്‍മാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോള്‍ മിഥുന്‍ലാല്‍ ബെംഗളൂരുവില്‍ ആയിരുന്നു. ഇയാളെ ബെംഗളൂരുവില്‍ നിന്നാണു പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉള്‍പ്പെടെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പാനൂര്‍ കുന്നോത്ത് പറമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന് (31) ആണ് മരിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.