ചെറുതോണി : അലകടലായ് ഉയര്‍ന്ന പ്രവര്‍ത്തകരുടെ ആവേശപ്പെരുമഴയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വിജയാരവം മുഴക്കി പത്രിക സമര്‍പ്പണ വേളയില്‍ എത്തിച്ചേര്‍ന്നത്. മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പത്രിക നല്‍കാനായിരുന്നു തീരുമാനമെങ്കിലും പത്രിക സമര്‍പ്പണ സമയം എത്തിയതോടെ പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയായിരുന്നു.
രാവിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിയ ശേഷം സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് നേരെയെത്തിയത് പൈനാവില്‍ സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസിലേയ്ക്കാണ്. ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് പൈനാവില്‍നിന്നും പ്രകടനമായി പോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറായെങ്കിലും കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് ജംഗ്ഷന് വരെ വാഹനത്തില്‍ പോകാന്‍ മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ജംഗ്ഷനില്‍നിന്നും മുന്‍നിര നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിയും നടന്ന് നീങ്ങി. പ്രവര്‍ത്തകര്‍ പിന്നാലെ അണി നിരന്നു. 5 പേര്‍ക്കാണ് പത്രിക സമര്‍പ്പണ വേളയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.
കൃത്യം 12.15ന് ജോയ്സ് ജോര്‍ജ് ജില്ലാ കളക്ടര്‍ എച്ച് ദിനേശ് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. വൈദ്യുതി മന്ത്രി എം.എം മണി, പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.കെ ശിവരാമന്, ജനറല്‍ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, ഖജാന്‍ജി കെ.കെ ജയചന്ദ്രന്, ഹൈറേഞ്ച് സംരക്ഷണ സമിതി സെക്രട്ടറി ജോസഫ് കുഴിപ്പിള്ളില്‍ തുടങ്ങിയവര്‍ പത്രിക സമര്‍പ്പണ വേളയില്‍ പങ്കെടുത്തു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഒരു മണിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. രണ്ട് സെറ്റ് പത്രികകള്‍ കൂടി അടുത്ത ദിവസം നല്‍കും.
എം.എല്‍.എ മാരായ ഇ.എസ് ബിജിമോള്‍, എസ്. രാജേന്ദ്രന്, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, ഘടക കക്ഷി നേതാക്കളായ , കെ.പി മേരി, അനില്‍ കൂവപ്ലാക്കല്‍, എന്‍.എം സുലൈമാന്‍, ജോണി ചെരുവുപറമ്പില്‍, പി.കെ ജയന്, പി.എന്‍ വിജയന്, പി.എസ് രാജന്, കെ.വി ശശി, കെ.എസ് മോഹനന്, സി.വി വര്‍ഗ്ഗീസ്, മാത്യു വര്‍ഗ്ഗീസ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.