തേനി: കമ്പം ടൗണിലെത്തിയ അരിക്കൊമ്പനെ തളയ്ക്കാന്‍ തമിഴ്നാട് വനം വകുപ്പിന്റെ തീവ്രശ്രമം.ആന നിലവില്‍ കമ്പത്തെ പുളിമരത്തോട്ടില് തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് കമ്പം എം.എല്‍.എ. എന്‍. രാമകൃഷ്ണന് അറിയിച്ചു.
ആനയെ മയക്കുവെടി വെക്കുമെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് നീക്കാനാണ് ശ്രമം. ഉച്ച കഴിയുന്നതോടെ കുങ്കിയാനകളെത്തും. ആളുകളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് മൈക്ക് അനൗണ്‍സ്മെന്റിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. ആനമലയില്‍നിന്നും മുതുമലയില്നിന്നുമെത്തുന്ന രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാനായി എത്തുന്നത്. കുങ്കിയാനകളെ ഉടന്‍ കമ്പത്ത് എത്തിക്കുമെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ശ്രീനിവാസ റെഡ്ഢി അറിയിച്ചു.
ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയില്‍
അരിക്കൊമ്പന് വിഹരിച്ചിരുന്ന ചിന്നക്കനാലിലെത്താന്‍ 88 കിലോമീറ്ററും നിലവില്‍ നിലയുറപ്പിച്ച കമ്പത്തുനിന്ന് കുമളിയിലേക്കുള്ള ദൂരം കേവലം 18 കിലോമീറ്ററാണ്. ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പന് എന്നാണ് കരുതപ്പെടുന്നത്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ കമ്പത്ത് വ്യാപക നാശനഷ്ടമുണ്ടായി. അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.