തൊടുപുഴ: ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി കേരളത്തിനു വേണ്ടി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. തുടർന്ന്, 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു.
എന്നാൽ , ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.