മൂവാറ്റുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ കൂടെ കടന്നു പോകുന്ന എന്‍.എച്ച്-85 (കൊച്ചി-തേനി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍), തിരുവനന്തപുരം കൊട്ടാരക്കര കോട്ടയം അങ്കമാലി എം.സി റോഡിന് സമാന്തര ദേശിയപാത, കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാതയില്‍ (എന്‍.എച്ച്-183) മുണ്ടക്കയം മുതല്‍ കുമിളി വരെ 2 വരിപ്പാത എന്നീ 3 നാഷണല്‍ ഹൈവേകളുടെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്കാന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
പുതിയ എന്‍എച്ച് 85 ന് ഭൂമി ഏറ്റെടുക്കുന്നതിനായി എറണാകുളം ജില്ലയില്‍ സ്പ്യെഷ്യല്‍ ഡെപ്യൂട്ടി കളക്ടറെയും ഇടുക്കി ജില്ലയില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറെയും ചുമതലപ്പെടുത്തിയാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ മേല്‍പ്പറഞ്ഞ റോഡുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത്തിലാക്കുമെന്നും എന്‍.എച്ച്-മായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. പദ്ധതികള്‍ അനുവദിച്ചതിന് ശേഷം 3 മാസമായിട്ടും ഭൂമിഏറ്റെടുക്കല്‍ നടപടികള്‍ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ എം.പി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെക്കണ്ട് നേരില്‍ കത്ത് നല്‍കിയിരുന്നു.