കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയായ പുറ്റടിയിലെ ബേക്കറി ഉടമയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാഫലം നെഗറ്റീവ്. ഇയാളുടെ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്, ഇയാളുടെ മകന് എന്നിവരുടെ പരിശോധനാഫലങ്ങളാണ് നെഗറ്റീവായത്. ബേക്കറി ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവായതോടെ ഇവരുമായി ഇടപെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായവര്‍ക്കും ആശ്വാസമായി. ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ സ്രവം ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വണ്ടന്മേട് പഞ്ചായത്തിലെ ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലികള്‍ ഇപ്പോഴും നടന്നുവരികയാണ്. ഇടുക്കിയില്‍ ഇനി 140 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. ഇന്ന് 73 പരിശോധനാ ഫലങ്ങളാണ് വന്നത്. ഇവ എല്ലാം നെഗറ്റീവായിരുന്നു. ഇന്ന് ഒരാളെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ അഞ്ച് പേര് ആശുപത്രി നിരീക്ഷമത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
302 പേര്‍ക്ക് ഇന്ന് ഹോം ക്വാറന്റീന് നിര്‍ദേശിച്ചു. ഇതോടെ ആകെ 2116 പേര് ഹോം ക്വാറന്റൈനിലാണ്. ബേക്കറി ഉടമ മാത്രമാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച ആളുമായി പ്രൈമറി കോണ്ടാക്ടിലുള്ള 97 പേരെ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു