ഇടുക്കി : ബഫർ സോൺ വിഷയത്തിൽ പ്രഹസനങ്ങൾ ഒഴിവാക്കി ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് എംപി. തദ്ദേശ സ്വയം ഭരണം, റവന്യൂ, വനം എന്നി വകുപ്പുകളെ ചുമതല ഏൽപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കണം. കഴിഞ്ഞ 7 വർഷമായി ഒരേ ന്യായങ്ങൾ മാത്രം പറഞ്ഞു ജനങ്ങളെ ഇനിയും വഞ്ചിക്കരുതെന്നും എംപി പറഞ്ഞു.
യുഡിഎഫിൻ്റെ സമര യാത്രയുടെ അഞ്ചാം ദിനം പ്രസംഗിക്കുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എംപി. ജനാധിപത്യ മര്യാദകൾ ലംഘിച്ച് സത്യസന്ധമായ നിലപാടുകൾ അല്ല സർക്കാർ കൈക്കൊള്ളുന്നത്. 2019 ലെ എൽഡിഎഫ് സർക്കാരിൻ്റെ ക്യാബിനറ്റ് തീരുമാനമാണ് സുപ്രീം കോടതി 2022 ഇൽ അംഗീകരിച്ചത്. എന്നാൽ വിവിധ വാദങ്ങൾക്ക് ശേഷം ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന പരാമർശമാണ് കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതി നിരീക്ഷിച്ചത്. ഇത് ഇടുക്കിയിലെ ജനങ്ങൾക്ക് പ്രതിക്ഷയേകുന്നതാണ്. ഭൂ നിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കർഷകരെ വഞ്ചിച്ച പാരമ്പര്യമാണ് എന്നും ഇടതു മുന്നണിക്ക് ഉള്ളത്. കർഷക ആത്മഹത്യകളിൽ സർക്കാർ പരിഹാരം കാണുന്നില്ലെന്ന് എംപി കുറ്റപ്പെടുത്തി.
സമര യാത്രയുടെ അഞ്ചാം ദിന ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഇരട്ടയാറിൽ വെച്ച് നിർവഹിച്ചു. 40000 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ജനങ്ങൾ ഓരോ ദിവസവും ഇരയാകുന്നു. കർഷകർ ഇത്രയേറെ ദുരിതം അനുഭവിച്ച നാളുകൾ ഇതിന് മുൻപ് ഉണ്ടായിട്ടില്ല. നിർമ്മാണ നിരോധനം സർക്കാരിൻ്റെ തെറ്റായ തീരുമാനം ആണെന്നും ജില്ലയോട് പിണറായി സർക്കാരിന് ശത്രുത മനോഭാവമെന്നും റോയി കെ പൗലോസ് കുറ്റപ്പെടുത്തി.
യുഡിഎഫ് മണ്ഡലം ചെയർമാൻ ഒ.ടി ജോൺ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് സി.പി മാത്യൂ, യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, എം.എൻ ഗോപി, സേനാപതി വേണു, ബിജോ മാണി, കെ.വി സെൽവം, സി.എസ് യശോധരൻ, ജോസ് തെച്ചാപറമ്പിൽ, റെജി ഇലപ്പുലിക്കാട്ട്, അരുൺ കെ.എസ് എന്നിവർ പ്രസംഗിച്ചു. യാത്രയുടെ അഞ്ചാം ദിനം തങ്കമണിയിൽ സമാപിച്ചു.