മൂവാറ്റുപുഴ : കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളും മലയിടിച്ചിലും പ്രളയവും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുള്ള ജില്ലയായ ഇടുക്കിയില്‍ ഇതുവരെ ഡിസ്സസ്റ്റര് മാനേജ്മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കളക്ടറുടെ തസ്തിക അനുവദിക്കുകയോ അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവകരമായി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ ഇടുക്കി, എറണാകുളം ജില്ലകളില്‍ ഉണ്ടായ പ്രളയവും അതേത്തുടര്ന്നുണ്ടായിട്ടുള്ള ആള്‍നാശത്തിനും സര്‍ക്കാരിന്റെയും ജനങ്ങളുടെയും കോടി ക്കണക്കിനു രൂപയുടെ സ്വത്തിനും കൃഷി നാശത്തിനും, കാരണം യാതൊരു വ്യക്തതയും ആസൂത്രണവുമില്ലാത്ത ഡിസ്സസ്റ്റര് മാനേജ്മെന്റ് ആണെന്ന് മനസ്സിലാക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളണം.
എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ തുലോം കുറവുള്ള മറ്റു ജില്ലകളില്‍ ഡിസ്സസ്റ്റര് മാനേജ്മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കളക്ടര്‍ക്ക് ചുമതല നല്കിയിരിക്കുമ്പോള് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രക്രതിദുരന്തങ്ങള് ഉണ്ടായിട്ടുള്ളതും മുല്ലപ്പെരിയാര്‍ അടക്കം ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ ഉള്ള ജില്ലമായ ഇടുക്കി ഇടുക്കിയിലേക്ക് ഒരു ഡെപ്യൂട്ടി കളക്ടര്‍ക്ക് പ്രത്യേകം തസ്തിക അനുവദിച്ച് ഈ ഓഫീസര്‍ക്ക് പ്രത്യേകം ചുമതല നല്കി ഏതു സമയത്തും ഉണ്ടായേക്കാവുന്ന അപകടങ്ങളെ തരണം ചെയ്യുന്നതിന് ഒരു ഡിസ്സസ്റ്റര് മാനേജ്മെന്റ് ടീം അടിയന്തിരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ചിഫ് സെക്രട്ടറിക്കും റവന്യു സെക്രട്ടറിക്കും കത്തു നല്കി.