ഇടുക്കി: മൂന്നാറില്‍ കുറഞ്ഞ വിലയില്‍ ഭൂമി വാങ്ങി നല്‍കാമെന്ന വ്യാജേന വ്യവസായിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയെ വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ പാല സ്വദേശി നിഷാദാണ് അറസ്റ്റിലായത്.
കഴിഞ്ഞ മെയ് 19-നാണ് കേസിനാസ്പദമായ സംഭവം. ടൂറിസം മേഖലയിലെ ഭൂമി കുറഞ്ഞ വിലയ്ക്ക് വാങ്ങി നല്‍കാമെന്ന് പാലാ സ്വദേശി നിഷാദ് വാഗ്ദാനം നല്കി. തുടര്‍ന്ന് ഹോട്ടല്‍ വ്യാപാരിയില്‍ നിന്നും ഇയാള്‍ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 15 പേരാണ് കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ എട്ടുപേര്‍ അറസ്റ്റിലായി. കേസിലെ മുഖ്യ സൂത്രധാരന്‍ നിഷാദായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ നിഷാദിനെ വെള്ളിയാഴ്ച വൈകിട്ടോടെ വെള്ളത്തൂവല്‍ പോലീസ് പിടികൂടുകയായിരുന്നു.
കോട്ടയത്ത് പാലായില്‍ ചീനികുഴിയില്‍ തിരക്കഥാകൃത്ത് എന്ന വ്യാജേന വാടകവീടെടുത്ത് താമസിക്കുകയായിരുന്നു ഇയാള്‍. നിഷാദിന്റെ പെണ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്ന വീട് പോലീസ് കണ്ടെത്തിയത്. ഹോട്ടല്‍ വ്യാപാരിയില്‍ നിന്നും തട്ടിയെടുത്ത 35 ലക്ഷത്തില്‍ 13 ലക്ഷം രൂപയാണ് നിഷാദ് കൈക്കലാക്കിയത്. പിടിയിലാകുമ്പോള്‍ 11 ലക്ഷം രൂപ ഇയാളുടെ കയ്യില്‍ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം കരമന സ്വദേശി ബോസിന്റെ കയ്യില്‍ നിന്നാണ് ഭൂമിക്കച്ചവടമെന്ന വ്യാജേന ഇടുക്കിയില്‍ വിളിച്ചുവരുത്തിയ ശേഷം 35 ലക്ഷം രൂപ തട്ടിയെടുത്തത്.
നേരത്തെ പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍ തുടരുകയാണ്. ഇനി പിടിയില്‍ ആകാനുള്ള ഏഴു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി. വെള്ളത്തൂവല്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിഷാദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.