കോവിഡ് ജാഗ്രതയുടെ ഭാഗമായി ക്വാറന്റൈനിലാക്കിയവര്‍ ആരോഗ്യ പ്രവര്‍ത്തകരെ കബളിപ്പിച്ച് ടൗണിലിറങ്ങി. ലോക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ കട്ടപ്പനയുള്പ്പെടെയുള്ള ഹൈറേഞ്ചിലെ ടൗണുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച്ച ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ ടൗണിലെത്തിയത്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ഇരുവര്‍ക്കുമെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. കട്ടപ്പന സ്വദേശികളായ അന്പതുകാരനും 24 കാരനുമെതിരെയാണ് പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇരുവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. നിര്‍ബന്ധിതമായി ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഇരുവരും ടൗണിലെത്തിയത്.
ഇതില്‍ ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും മറ്റൊരാള്‍ ബാംഗ്ലൂരില്‍ നിന്നും എത്തിയവരാണ്. അനുദിനം കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനിടെയുണ്ടായ സംഭവം ആരോഗ്യ പ്രവര്‍ത്തകരെയും ഭീതിയിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും മടങ്ങി വരവ് ആരംഭിച്ചതിനു പിന്നാലെ തന്നെ ജില്ലയില്‍ അതീവ ജാഗ്രതയാണ് തുടരുന്നത്.