ഇടുക്കി: താന്‍ വനംകൊള്ളക്കാരുടെ കൂട്ടുകാരനാണെങ്കില്‍ എ കെ ശശീന്ദ്രന് വനം കൊള്ളക്കാരുടെ നേതാവാണെന്നാണ് സിപി മാത്യു പറഞ്ഞു. വനം കൊള്ളക്കാരുടെ കൂട്ടുകാരനാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് എന്ന വനംമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് സി പി മാത്യു രംഗത്തുവന്നത്. ഇടുക്കി പൂപ്പാറയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടാനകളെ തുരത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയം സമ്മതിച്ചാല്‍ ദൗത്യം ഏറ്റെടുക്കാമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കാട്ടാനകളെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിടേണ്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നടപടികള്‍ മനപൂര്‍വ്വം താമസിപ്പിക്കുകയാണെന്നും സിപി മാത്യു കുറ്റപ്പെടുത്തി.
ഇടുക്കിയില്‍ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലണമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു പറഞ്ഞിരുന്നു. സിപി മാത്യുവിന്റെ ഈ വാക്കുകള്‍ പ്രകോപനപരമാണെന്ന് വനംമന്ത്രി പ്രതികരിക്കുകയും ചെയ്തു. വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ് സിപി മാത്യു ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് സിപി മാത്യു രംഗത്തെയത്. എകെ ശശീന്ദ്രന് കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് താന്‍ ജില്ല പ്രസിഡന്റ് മാത്രമായിരുന്നുവെന്നും രണ്ടു പേരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ പരിചയം വെച്ചാണ് ശശീന്ദ്രനെതിരെയുള്ള പ്രസ്താവനയെന്നും സി പി മാത്യു പറഞ്ഞു.