ഇടുക്കി: ക്ഷേമ പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധവുമായി വൃദ്ധദമ്പതികള്‍. ദയാവധത്തിന് തയാറാണെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പ്രതിഷേധം.അടിമാലി സ്വദേശി ശിവദാസന്‍ (72) ഭാര്യ ഓമന (63) എന്നിവരാണ് പ്രതിഷേധിക്കുന്നത്.
അടിമാലി അമ്പലപ്പടിയിലെ പെട്ടിക്കടയ്ക്ക് മുന്നിലാണ് ഇവര്‍ ദയാവധത്തിന് തയാര്‍ എന്ന ബോര്‍ഡ് തൂക്കിയത്. ക്ഷേമ പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്നാണ് പരാതി.
ഓമന വികലാംഗയാണ്. ഒരാഴ്ചയില്‍ ചികിത്സയ്ക്കും മരുന്നിനും മറ്റുമായി 3000 രൂപയോളം വേണം. ക്ഷേമ പെന്ഷന് മുടങ്ങിയതോടെ മരുന്ന് വാങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
കുളമാന്‍കുഴി ആദിവാസി കോളനിക്ക് സമീപം ഇവര്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ ഇവരുടെ കൃഷി പൂര്‍ണമായി നശിച്ചുപോയി.
തുടര്‍ന്ന് അടിമാലി പഞ്ചായത്ത് ഇടപെട്ടാണ് ഉപജീവനത്തിനായി ഇവര്‍ക്ക് പെട്ടിക്കട തുറന്നുനല്‍കിയത്. ഇപ്പോള്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നും ഇവര്‍ പറയുന്നു.