ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്ന് എഫ്ഐആര്‍.
പ്രതി പാല്‍രാജ് മനപൂര്‍വം പ്രകോപനമുണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി റിമാൻഡ് ചെയ്തു.ശനിയാഴ്ച രാവിലെ 10.30 ന് പശുമല ജംക്ഷനില്‍വച്ചാണ് ആക്രമണമുണ്ടായത്. വണ്ടിപെരിയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിയുടെ പിതാവിന്റെ സഹോദരനാണ് പാല്‍രാജ്. വണ്ടിപെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റു.
ഒരു സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തില്‍നിന്നു ഇരുചക്രവാഹനത്തില്‍ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവര്‍ ജംക്ഷനില്‍ എത്തിയപ്പോള്‍, കേസിലെ പ്രതി അര്‍ജുന്റെ പിതൃസഹോദരൻ പാല്‍രാജ് കൈ ഉയര്‍ത്തി അശ്ലീല ആംഗ്യം കാട്ടി.കുട്ടിയുടെ പിതാവ് ഇത് ചോദ്യം ചെയ്തതോടെ അരയില്‍ തിരുകിയിരുന്ന കത്തി എടുത്തു പാല്‍രാജ് കുത്തുകയായിരുന്നു. തടസം പിടിക്കുന്നതിനിടെയാണു മുത്തച്ഛനു തോളില്‍ പരുക്കേറ്റത്. ഉടൻ ഇരുവരെയും വണ്ടിപ്പെരിയാറിലെ പ്രാഥമികാരോഗ്യകേന്ദ്ര ത്തില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.