തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. നെടുങ്കണ്ടം എസ്.ഐ സാബുവും പൊലീസുകാരന് സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ എസ് ഐ കെഎ സാബു കുറ്റം സമ്മതിച്ചതായി സൂചന. കസ്റ്റഡിയില്‍ മരിച്ച പ്രതി കുമാറിനെ മര്‍ദ്ദിച്ചതായി അറസ്റ്റിലായ സാബു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.. ഇന്ന് രാവിലെയാണ് എസ് ഐ സാബുവിനെയും മറ്റൊരു സിവില്‍ പോലീസ് ഓഫീസറെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ എസ്.ഐ സാബു കുഴഞ്ഞുവീണു. എസ്.ഐയെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതില്‍ ഏതാനും ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ രേഖപ്പെടുത്തിയിരിക്കുന്നത്.