തൊടുപുഴ : ഇടവെട്ടി ഔഷധസേവയ്ക്കായി ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിന് പുറത്തുനിന്നുമുള്ള ഭക്തജനങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയതോടെ ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഭക്തിസാന്ദ്രമായി. ‘ഒരു നേരം ഔഷധം, ഒരാണ്ട് രോഗശാന്തി’ എന്ന വിശ്വാസത്തില്‍ എല്ലാവരും ഭഗവത്മന്ത്രത്താല് ചൈതന്യവത്താക്കിയ ഔഷധം സേവിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.30-ന് തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വേദപണ്ഡിതന്മാര് ഔഷധസൂക്തം ജപിച്ച് ഔഷധം ചൈതന്യവത്താക്കുന്ന ചടങ്ങ് നടന്നു. ചൊവ്വാഴ്ച രാവിലെ അഞ്ച് മുതലാണ് ഔഷധസേവ തുടങ്ങിയത്. അപ്പോള്‍ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് കൂടുതലായെത്തിയതോടെ ഔഷധം വാങ്ങാനുള്ള വരി ക്ഷേത്രത്തിന് പുറത്തേക്ക് നീണ്ടു. ഉച്ചയ്ക്ക് 12.15-വരെ ഇടതടവില്ലാതെ ഭക്തര്‍ ഔഷധസേവയ്ക്കായി എത്തി. ഉച്ചയ്ക്ക് 1.40-ഓടെ ക്ഷേത്രനട അടച്ചു.
ഔഷധസേവയ്ക്കായി എത്തിയ ഭക്തര്‍ക്ക് പന്തല്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ക്ഷേത്രം ഭരണസമിതി ഒരുക്കിയിരുന്നു. ചടങ്ങുകള്‍ക്ക് മാധവന് നമ്പൂതിരി പടിഞ്ഞാറേമഠം, മേല്‍ശാന്തി ഹരിനാരായണന് നമ്പൂതിരി പെരിയമന, പി.കെ.കെ.നമ്പൂതിരിപ്പാട് പുതുവാമന തുടങ്ങിയര്‍ നേതൃത്വം നല്കി. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കുന്ന ഔഷധക്കൂട്ട് സമം വെണ്ണ ചേര്‍ത്ത് അരയാലിന്റെ ഇലയിലാണ് ഭക്തജനങ്ങള്‍ക്ക് നല്‍കിയത്. ഔഷധസേവയ്ക്ക് എത്തിയ എല്ലാവര്ക്കും കര്‍ക്കടകക്കഞ്ഞിയും വിതരണംചെയ്തു.
ഇത്തവണത്തെ ഔഷധസേവയ്ക്ക് 44,000 ഭക്തര്‍ എത്തിയതായി ക്ഷേത്രം സെക്രട്ടറി സിജു വടക്കേമൂഴിക്കല്‍ പറഞ്ഞു. ഭക്തജനങ്ങളുടെ സൗകര്യത്തിനായി തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍നിന്ന് കെ.എസ്.ആര്.ടി.സി. ചെയിന്‍ സര്‍വീസും നടത്തി.
ഭക്തരെ ക്ഷേത്രത്തില്‍ എത്തിക്കാനും തിരികെ കൊണ്ടുവരുന്നതിനുമായി കെ.എസ്.ആര്.ടി.സി. ഓടിയത് 39 ട്രിപ്പ്. മൂന്ന് ബസുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സര്‍വീസ് നടത്തിയത്. 1,978 പേര് ട്രിപ്പുകളെ ആശ്രയിച്ചു. ആകെ 195 കിലോമീറ്റര്‍ ഓടി. 29244 രൂപയാണ് കളക്ഷന്‍ ലഭിച്ചത്.