മൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി മണി ട്രാന്‍സ്ഫര്‍ സ്ഥാപനം നടത്തുന്നയാളുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസില്‍ മുഖ്യ പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വാഴപ്പിള്ളി ഐ.ടി.ആര് ഭാഗത്ത്, അര്‍ജുനാണ് (23) പിടിയിലായത്.
ഇയാൾ കോതമംഗലം സ്റ്റേഷന് പരിധിയിലെ ബൈക്ക് മോഷണത്തിലും നിരവധി കഞ്ചാവ്- മയക്കുമരുന്ന് കേസിലും പ്രതിയാണ്. മൂവാറ്റുപുഴ ഡിവൈ.എസ്.പി, എസ്. മുഹമ്മദ് റിയാസ് നേർതൃത്വം നൽകിയ അന്വേഷണസംഘം ആണ് പ്രതിയെ ബംഗളൂരിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് പിടികൂടിയത്. കീച്ചേരിപടിയില്‍ മണി ട്രാന്‍സ്ഫര്‍, ട്രെയിന്‍ ടിക്കറ്റ്, റീചാര്‍ജ് ഉള്‍പ്പെടെ ഉള്ള സ്ഥാപനം നടത്തിവന്ന പശ്ചിമബംഗാള്‍ സ്വദേശി കട അടച്ച് പുറത്ത് ഇറങ്ങുന്ന സമയത്താണ് ബാഗ് പിടിച്ചുപറിച്ച് ഇയാൾ സ്കൂട്ടറില്‍ രക്ഷപെട്ടത്.
കേസിലെ കൂട്ടുപ്രതിയെയും നഷ്ടപ്പെട്ട പണവും ഉപയോഗിച്ച വാഹനവും പൊലീസ് നേരത്തേ പിടികൂടിയിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ സി.ജെ. മാര്‍ട്ടിൻ്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘത്തില്‍ എസ്.ഐ ആര്.അനില്‍കുമാര്‍, എ.എസ്.ഐ പി.സി. ജയകുമാര്‍, സി.പി.ഒമാരായ ബിബില്‍ മോഹന്‍, സനല്‍ വി. കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.