പാല് ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമാകുകയാണ് ഈ മേഖലയില്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് കെ. എസ്. ആര്. ടി. സിയുമായി സഹകരിച്ചു എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മില്‍മ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ എല്ലാ വീടുകളുടെയും പാല് ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ മില്‍മയെ വളര്‍ത്തും. അതിനായി ക്ഷീര കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും യഥാസമയം പരിഹരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പാല് വില വര്‍ധിപ്പിച്ചത് വഴി അഞ്ചു രൂപയിലധികം ക്ഷീര കര്‍ഷകര്‍ക്ക് അധികമായി ലഭിക്കുന്നുണ്ട്. തീറ്റപ്പുല്‍കൃഷി സബ്സിഡി, കന്നുകുട്ടി പരിപാലന സബ്സിഡി എന്നിവ യഥാസമയം ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ കര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കെ. എസ്
ആര്. ടി. സി. യുമായി സഹകരിച്ചു മില്‍മ ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടി. ജെ വിനോദ് എം. എല്‍. എ ആദ്യ വില്പന നടത്തി. കൗണ്‍സിലര്‍ പത്മജ മേനോന് ഏറ്റുവാങ്ങി. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, മില്‍മ ചെയര്മാന് എം.ടി. ജയന്, എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട്, മുന്‍ പ്രസിഡന്റ് ജോണ്‍ തെരുവത്ത്, യൂണിയന് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.