കൊച്ചി : പൊതുരംഗത്ത് സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ ബോധ്യത്തിലേക്ക് ഉയരണമെന്ന് മന്ത്രി പി. രാജീവ്. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ജില്ലാ പഞ്ചായത്ത് 2020-25 ഭരണ സമിതിയുടെ മൂന്നാം വാര്‍ഷികവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അത്തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചത്.
എല്ലാ കാര്യങ്ങളിലും മികച്ച സഹകരണമാണ് പ്രസിഡന്റ് നല്‍കിയത്.
തിരഞ്ഞെടുപ്പ് വരെയാണ് കക്ഷിരാഷ്ട്രീയം. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസുമായി മികച്ച ഏകോപനത്തോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ പല ഘട്ടങ്ങളിലും ഇത് ബോധ്യമായിട്ടുണ്ട്. ജില്ലയുടെ പൊതുവായ വികസനത്തിന് എന്നും ഒപ്പം നില്ക്കുന്ന സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. പൊതുവായ തീരുമാനങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ സഹകരിച്ചു. അടുത്ത പ്രസിഡന്റും ഇതേ രീതി അവലംബിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവര്ത്തകരിലെ ജെന്റില്‍മാനാണ് ഉല്ലാസ് തോമസ് എന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു ജില്ലയുടെ പൊതുവായ വികസനത്തിന് ഒന്നിച്ച് നില്ക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത് വളരെ അടുത്ത വ്യക്തി ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൊച്ചി നഗരത്തിന്റെ എല്ലാ ആശംസകളും നേരുന്നു എന്നും മേയര്‍ പറഞ്ഞു.
ഉല്ലാസ് തോമസിനെ പോലെയുള്ള ജനപ്രതിനിധികളാണ് കേരളത്തിന്റെ പ്രത്യേകത എന്ന് ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ടിന്റെ ഭാഗമായി ജനകീയ ആസൂത്രണ സ്മാരകം മന്ത്രി പി.രാജീവ് അനാച്ഛാദനം ചെയ്തു. സ്മാരകം തയ്യാറാക്കിയ ചേരാസ് രവി ദാസിനെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയായ പെണ്ണ് എഴുത്തിന്റെ ഭാഗമായി 15 പെണ് കഥകളുടെ സമാഹാരം മന്ത്രി പ്രകാശനം ചെയ്തു.
സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആശംസകള്‍ നേരുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ നിരവധി പേരാണ് എത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷം മികവാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷ ഭരണകക്ഷികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജസ്വലനായ പ്രസിഡന്റ് ആണ് ഉല്ലാസ് തോമസ് എന്ന് മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.രാഷ്ട്രീയ അഭിപ്രായങ്ങളെ ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിച്ചതാണ് അദ്ദേഹത്തിന്റെ വിജയം.വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചവര്‍ക്ക് പ്രസിഡന്റ്സ് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്കുള്ള ആദരവും ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരവും ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
എല്ലാവരെയും കൂട്ടിയോജിപ്പിച്ചുള്ള മികച്ച പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ഉല്ലാസ് തോമസ് കാഴ്ചവച്ചത് എന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള പറഞ്ഞു.ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃത്വം നല്കാന് കഴിഞ്ഞ ചാരിതാര്ത്ഥത്തോടെയാണ് പടിയിറങ്ങുന്നതെന്ന് അധ്യക്ഷത വഹിച്ച ഉല്ലാസ് തോമസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ അംഗങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായത്.
ആരോഗ്യം കൃഷി വിദ്യാഭ്യാസ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ വലിയ ഇടപെടലാണ് ജില്ലാ പഞ്ചായത്ത് നടത്തിയത്. ചെറുതാന്യ വര്‍ഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിലും അഭിമാനകരമായ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.ജെ. ജോമി, ആശ സനല്‍, റാണിക്കുട്ടി ജോര്‍ജ്, കെ.ജി. ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ്. അനില്‍ കുമാര്‍, മനോജ് മൂത്തേടന്, ഷൈനി ജോര്‍ജ്, അനിത ടീച്ചര്‍, അനുമോള്‍ ബേബി, ഷാന്റി എബ്രഹാം, ലിസി അലക്സ്, റഷീദ സലിം,
എല്‍ദോ ടോം പോള്‍, പി.എം. നാസര്‍, ദീപു കുഞ്ഞുക്കുട്ടി, ഷൈമി വര്‍ഗീസ്, ഷാരോണ്‍ പനയ്ക്കല്‍, എല്‍സി ജോര്‍ജ്, കെ.വി. രവീന്ദ്രന്, യേശുദാസ് പറപ്പിള്ളി, കെ..കെ.ദാനി, റൈജ അമീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രമ്യ തോമസ്, കൊച്ചു ത്രേസ്യ തങ്കച്ചന്, സരിത സനില്‍, റസീന പരീത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.