മൂവാറ്റുപുഴ: എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരുടെ ആസൂത്രിതമായ ആക്രമണത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ അക്ഷയ് (20), ജോയിന്റ് സെക്രട്ടറി ആത്മജ് ജോയി (20), മുന്‍ എസ്എഫ്ഐ പ്രവര്ത്തകന് ജിഷ്ണു രവി (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയാണ് മര്‍ദനം. പരിക്കേറ്റ മൂന്ന് പേരേയും ഉടന്‍ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും മുഖത്തും മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റതിനാല്‍ ആത്മജിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ:
കെഎസ് യു അവിശുദ്ധ മുന്നണിയ്ക്കൊപ്പം ചേര്‍ന്ന് നിര്‍മ്മല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനേ തുടര്‍ന്ന് എഐഎസ് എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ദിവസം എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു.ഇതിന് പിന്നാലെയാണ് ബുധന്‍ ഒന്നരയോടെ വീണ്ടും ആക്രമണമുണ്ടായത്. മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാന്റിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തില്‍ സുഹൃത്തിനെ കാണുവാനെത്തിയ ആത്മജിനേയും അക്ഷയിനേയും പിന്നാലെയെത്തില്ല സംഘം മര്‍ദ്ദിച്ചു. അവിടെയുണ്ടായിരുന്ന ജിഷ്ണുവിനേയും മര്‍ദിച്ചു.സ്ഥാപനത്തിന് പുറത്ത് നിന്ന് ആക്രോശിച്ച എഐഎസ്എഫ് -എഐവൈഎഫ് സംഘത്തോട് സ്ഥാപനത്തില്‍ കയറി ആക്രമിയ്ക്കരുതെന്ന് ഉടമ അറിയിച്ചgവെങ്കിലും ഉടന്‍ സംഘം സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി. നിര്‍മ്മല കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളടക്കം മുപ്പതോളം പേരുണ്ടായിരുന്നു അക്രമി സംഘത്തില്‍. സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. വര്‍ഷങ്ങളായി എസ്എഫ്ഐ വിജയിയ്ക്കുന്ന നിര്‍മ്മലയില്‍ ഇത്തവണ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ് യുവിനൊപ്പം എബിവിപി, എഐഎസ് എഫ്, എംഎസ്എഫ്, ഫെറ്റേണിറ്റി, കെഎസ് സി (ജെ) തുടങ്ങിയ സംഘടനകളുടെ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് വിജയിച്ചതിനേ തുടര്‍ന്നാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം തുടങ്ങിയത്.
പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സിപിഐഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോര്‍ജ് കെ എന്‍ ജയപ്രകാശ്, സി കെ സോമന്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ, നഗരസഭ കൗണ്‍സിലര്‍ കെ ജി അനില്‍കുമാര്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് കെ ബേബി എന്നിവര്‍ സന്ദര്‍ശിച്ചു അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.