കൊച്ചി: എലത്തൂര്‍ ട്രെയിൻതീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ എൻഐഎ കുറ്റപത്രം സമര്‍പിച്ചു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
കേസില്‍ ഷാരൂഖ് മാത്രമാണ് പ്രതിയെന്ന് എൻഐഎ വ്യക്തമാക്കി ജിഹാദി പ്രവര്‍ത്തനമാണ് നടത്തിയതെന്നും കേരളം തെരഞ്ഞെടുത്തത് തിരിച്ചറിയപ്പെടാതിരിക്കാനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൃത്യം നടത്തി തിരിച്ചെത്തിയ ശേഷം സാധാരണനിലയില്‍ ജീവിതം നയിക്കാനാണ് ഷാരൂഖ് പദ്ധതിയിട്ടിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്. ഇന്ത്യൻശിക്ഷാ നിയമം, യുഎപിഎ, പൊതുമുതല്‍ നശീകരണ നിരോധന നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ആലപ്പുഴ– കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിലാണ് പ്രതി തീയിട്ടത്. സംഭവത്തില്‍ കുട്ടിയടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളി ബദ്രിയ മൻസിലിലെ റഹ്മത്ത് (45), സഹോദരിയുടെ മകള്‍ ചാലിയം കുന്നുമ്മല്‍ വീട്ടില്‍ സഹ്റ ബത്തൂല്‍ (രണ്ട്), മട്ടന്നൂര്‍ കൊടോളിപുറം പുതിയപുര കൊട്ടാരത്തില്‍ വീട്ടില്‍ കെ പി നൗഫീഖ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
കേരള പൊലീസും കേരള– മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്തമായ നീക്കത്തിലൂടെ സംഭവം നടന്ന് മൂന്നാം ദിവസമാണ് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വെച്ച് ഷാരൂഖ് പിടിയിലായിലാവുന്നത്.