ആലുവ: ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10.45-ഓടെ ആലുവ കീഴ്മാട് ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിവിധ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി സംസ്കാരചടങ്ങില്‍ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍.പി. സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുക്കണക്കിന് പേരാണ് അന്ത്യാഞ്ലി അര്‍പ്പിക്കാനെത്തിയത്. സ്കൂളിലെ കുട്ടികളും അമ്മമാരും അധ്യാപകരും കുഞ്ഞിന്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി. പല അമ്മമാരും ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ രോഷപ്രകടനങ്ങളും പലരില്‍നിന്നുമുണ്ടായി. തുടര്‍ന്ന് പത്തുമണിയോടെ പൊതുദര്‍ശനം അവസാനിപ്പിച്ചശേഷമാണ് മൃതദേഹം കീഴ്മാട് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കുട്ടിയുടെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാഖ് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നതെന്നും കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആലുവ റൂറല്‍ എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.