കോതമംഗലം: നഗരത്തിലെ തിരക്കേറിയ പ്രധാന വഴിയോരത്തെല്ലാം ലോഡ് കണക്കിന് ദുര്‍ഗ്ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ തള്ളിയിരിക്കുകയാണ് .ബസ്റ്റാന്റ് മാര്‍ക്കറ്റില്‍ മാലിന്യം മൂലം ഇവിടെ സ്ഥിരമായി വന്നിരുന്ന രണ്ട് പേര് പകര്‍ച്ച പനി ബാധിച്ച് മരിച്ചു. തങ്കളം ബൈപാസ് ,കെ .എസ് .ആര്.ടി.സി.ബസ് സ്റ്റാന്റ് പരിസരം, ഹൈറേഞ്ച് കവല, മലയന്‍കീഴ് ജംഗ്ഷന്, കോഴിപ്പിള്ളി ബിഷപ് ഹൗസ് -മലയന്‍ കീഴ് ബൈപാസ് ,എം.എ.കോളജ് ജംഗ്ഷന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പാതയോരത്ത് അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളിയത് മൂലവും നഗരസഭ യഥാസമയം മാലിന്യം നീക്കം ചെയ്യാത്തതും ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
പാതയോരത്തെ മാലിന്യം ചീഞ്ഞളിഞ്ഞ് മഴ പെയ്താല്‍ റോഡിലൂടെ ഒലിച്ച് സമീപപ്രദേശത്തെ പ്രധാന കുടിവെള്ള ശ്രോതസ്സുകളായ കരൂര്‍ തോട്, കോഴിപ്പിള്ളി പുഴ എന്നിവിടങ്ങളില്‍ എത്തിച്ചേരുന്നു. ഇതു മൂലം ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കാനാവാത്ത ഗതികേടിലായി ജനം.ശക്തമായ പ്രതിക്ഷേധം നിലനില്‍ക്കെ വളരെ തിരക്കേറിയ കോഴിപ്പിള്ളി ബൈപ്പാസ് റോഡില്‍ ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇക്കഴിഞ്ഞ രാത്രി നടുറോഡില്‍ അജ്ഞാതര്‍ തള്ളിയത്.സാധാരണ നഗരപ്രദേശത്തെ മാലിന്യങ്ങള്‍ ഗ്രാമീണ പ്രദേശത്തെ വിജനമായ പ്രദേശങ്ങളില്‍ തള്ളാറാണ് പതിവ്. എന്നാല്‍ വളരെ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ലോഡ് കണക്കിന് മാലിന്യങ്ങള്‍ കോതമംഗലം നഗരത്തിലെ തിരക്കേറിയ വീഥികളില്‍ ആളൊഴിഞ്ഞ രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് തള്ളുന്ന വിചിത്ര സംഭവമായി കോതമംഗലം നഗരം മാറി.
നഗരസഭാ അധികാരികളുടെ കെടുകാര്യസ്ഥത:ജനതാദള്‍ (എല്‍.ജെ.ഡി )
നഗരസഭാ അധികാരികളുടെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കാന്‍ കാരണമെന്ന് ജനതാദള്‍ (എല്‍.ജെ.ഡി ) നിയോജക മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. കോതമംഗലം നഗരസഭാ പ്രദേശവും ടൗണും അടിയന്തിരമായി മാലിന്യങ്ങള്‍ നീക്കം ചെയ്ത് നഗരത്തിലെത്തുന്നവരെ പകര്ച്ചവ്യാതികളില് നിന്നും രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സെപ്റ്റബര്‍ 9 ന് തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ നഗരസഭക്ക് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തുവാനും ജനതാദള്‍ (എല്‍.ജെ.ഡി ) കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി നേതൃയോഗം തീരുമാനിച്ചു.പ്രസിഡന്റ് മനോജ് ഗോപിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി വാവച്ചന് തോപ്പില്‍ കുടി, വൈസ് പ്രസിഡന്റ് തോമസ് കാവുംപുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോട്ടോ: കോതമംഗലം കോഴിപ്പിള്ളി – മലയന്‍കീഴ് ബൈപാസ് റോഡില്‍ കഴിഞ്ഞ രാത്രി തള്ളിയ മാലിന്യ കൂമ്പാരം. ബൈപാസില്‍ മൂന്നിടത്താണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്.