കാക്കനാട്: മഹാപ്രളയമടക്കമുള്ള പരീക്ഷണഘട്ടങ്ങളില്‍ ജില്ലയെ രക്ഷാതീരത്തേക്ക് നയിച്ചതില്‍ നിര്ണായകസ്ഥാനത്തിനിരുന്നതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഡപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി ജൂലൈ 31 സര്‍വീസില്‍ നിന്നും വിരമിക്കുന്നു. വില്ലേജ് ഓഫീസറും തഹസില്ദാറുമൊക്കെയായി 36 വര്‍ഷത്തെ സേവനത്തിനു ശേഷം ദുരന്ത കൈകാര്യ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ സ്ഥാനത്തു നിന്നും വിരമിക്കുമ്പോള്‍ മികച്ച സേവനത്തിനുള്ള അംഗീകാരങ്ങളുടെയും പ്രശംസയുടെയും പകിട്ടിലാണ് ഷീലാദേവി.
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്ത് ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്കൊപ്പം അണിയറയില്‍ നേതൃത്വം നല്‍കിയത് ഷീലാദേവിയായിരുന്നു. പ്രളയത്തില്‍ ചേന്ദമംഗലത്തെ സ്വന്തം വീട്ടില്‍ സണ്ഷേഡിനൊപ്പം വെള്ളം കയറുകയും അഞ്ചു ദിവസം ഭര്‍ത്താവ് ടെറസ്സില്‍ അഭയം തേടുകയും ചെയ്തിട്ടും ഔദ്യോഗിക പദവി വ്യക്തിപരമായി ഉപയോഗിക്കാതെ അടിയന്തര സാഹചര്യങ്ങളില്‍ പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ തിരക്കില്‍ മുഴുകുകയായിരുന്നു ഷീലാദേവി. തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിലും ഷീലാദേവിയുടെ സംഭാവന ഗണ്യമായിരുന്നു. അടിയന്തര ധനസഹായ വിതരണം, പുനരധിവാസം എന്നിവ സുതാര്യവും കാര്യക്ഷമവുമായി നടത്തിയെന്ന പ്രശംസ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ജില്ലയെ തേടിയെത്തിയതിന്റെ സന്തോഷവും സ്ഥാനമൊഴിയുന്ന ഈ ഡപ്യൂട്ടി കളക്ടര്‍ക്കുണ്ട്. ജില്ലയിലെ മികച്ച ഡെപ്യൂട്ടി കളക്ടര്‍ക്കുള്ള സിവിലിയന്‍ പുരസ്കാരം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഷീലാവേദി ഏറ്റുവാങ്ങിയിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് ദുരന്ത കൈകാര്യ വകുപ്പ് ഡെപ്യൂട്ടി കലക്ടറായി ചുമതലയേറ്റെടുത്തത്. പ്രളയത്തിന് പുറമെ ഓഖി, ബ്രഹ്മപുരം തീപിടുത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി ഷീലാദേവിയുണ്ടായിരുന്നു.
36 വര്‍ഷം മുമ്പ് തൃശ്ശൂര്‍ ജില്ലയിലാണ് ഷീലാദേവി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സേവന കാലയളവിന്റെ ഭൂരിഭാഗവും പറവൂര്‍ താലൂക്കിലായിരുന്നു. കുന്നത്തുനാട് , കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ തഹസില്‍ദാറായും ഇടുക്കിയില്‍ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.