പഞ്ചായത്ത് ഫണ്ട് നൽകിയില്ല; പായിപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കളിലെ പത്രവിതരണം നിലച്ചു.
മൂവാറ്റുപുഴ: പത്ര വിതരണ ഏജൻ്റിന് പണം നൽകാത്തതിനെ തുടർന്ന് പായിപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കളിലെ പത്രവിതരണം നിലച്ചു. പായിപ്ര ഗ്രാമപഞ്ചായത്തിൽ ലൈബ്രറി കൗൺസിലിൻ്റെ അംഗീകാരമുള്ള ലൈബ്രറികളിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്ന പത്രം ഏജൻറിന് പണം കുടിശ്ശിഖ ആയതിനാലാണ് പത്രം വിതരണം നിലച്ചത്.
കഴിഞ്ഞ 12 വർഷമായി പായിപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കൗൺസിലിൻ്റെ അംഗീകാരമുള്ള 13 ലൈബ്രറി കളിലാണ് എല്ലാ മലയാള ദിനപത്രങ്ങളും ഒരു ഇംഗ്ലീഷ് പത്രവും തൊഴിൽ രഹിതർക്കുള്ള പ്രസിദ്ധീകരണവും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പഞ്ചായത്താണ് ഫണ്ട് നൽകിയിരുന്നത്.ഇതിനായി എല്ലാവർഷവും പഞ്ചായത്ത് ബജറ്റിൽ തുകയും വകയിരുത്തിയിരുന്നു. കഴിഞ്ഞ ഏഴ് മാസമായി പത്രം വിതരണം ചെയ്യുന്ന ഏജൻ്റിന് പത്രം വിതരണം ചെയ്ത വകയിൽ 1.25 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. ഇതിനായി ഏജൻ്റ് പല തവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞ് ഫണ്ട് നൽകാതെ ഉദ്യോഗസ്ഥർ തടസപ്പെടുത്തുകയായിരുന്നു. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയോ ബന്ധപ്പെട്ട വാർഡ് മെമ്പർ മാരെ സമീപിച്ചിട്ടും വേണ്ടത്ര ഇടപെടൽ നടത്തിയില്ലന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പായിപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന നാടിൻ്റെ സാംസ്കാരിക നിലയങ്ങളായി തല ഉയർത്തി നിൽക്കുന്ന ലൈബ്രറികളിലെ പത്ര വിതരണം കഴിഞ്ഞ മാസം മുതൽ നിലച്ചിരിക്കുകയാണ്. ലൈബ്രറി ഭാരവാഹികളും മറ്റ് സാംസ്കാരിക സംഘടന ഭാരവാഹികൾ അടക്കം പത്രവിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതർക്ക് എതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വായനയെ സ്നേഹിക്കുന്നവർ ‘