പതിവ് തെറ്റിക്കാതെ ഇത്തവണയും മാറ്റച്ചന്തയ്ക്കൊരുങ്ങുകയാണ് ചേന്ദമംഗലം. ഏപ്രില്‍ 11 മുതല്‍ 14 വരെ പാലിയം സ്കൂള്‍ മൈതാനത്ത് മാറ്റച്ചന്ത നടക്കും. മണ്‍കലങ്ങളും കൈത്തറി ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ ഈ ദിവസങ്ങളില്‍ ഇവിടെയെത്തും.
എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് എല്ലാവര്‍ഷവും നടത്തുന്ന വിഷുക്കാല വിപണിയാണ് മാറ്റച്ചന്ത എന്ന പേരില്‍ അറിയപ്പെടുന്നത്. മാറ്റച്ചന്ത നടന്നുവരുന്ന ചേന്ദമംഗലം പാലിയം സ്കൂള്‍ മൈതാനം മാറ്റപ്പാടം എന്നാണ് അറിയപ്പെടുന്നു.
നാണയ കൈമാറ്റ വ്യവസ്ഥിതി നിലവില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തിലാണ് മാറ്റച്ചന്ത ആരംഭിക്കുന്നത്. കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാരാണ് മാറ്റച്ചന്തയ്ക്ക് തുടക്കം കുറിച്ചത്. പാലിയത്തച്ചന്മാരുടെ കാലശേഷവും മാറ്റച്ചന്ത മുടക്കം കൂടാതെ വിഷുത്തലേന്നുള്ള രണ്ട് ദിവസങ്ങളിലായി നടന്നുവരുന്നു. ആദ്യ ദിവസത്തെ മാറ്റത്തെ ചെറിയ മാറ്റമെന്നും, വിഷുത്തലേന്നുള്ള മാറ്റത്തെ വലിയ മാറ്റമെന്നും പറയുന്നു. സാധനകൈമാറ്റ വ്യവസ്ഥയ്ക്ക് പകരം ഇന്ന് നാണയ വിനിമയത്തിലൂടെയാണ് മാറ്റച്ചന്ത നടക്കുന്നത്.
മാറ്റച്ചന്തയുടെ പ്രധാന ആകര്‍ഷണമാണ് മകുടമെന്ന കളിപ്പാട്ടം. ചിരട്ടയും തുകലും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ വിഭവങ്ങളാല്‍ നിര്‍മ്മിക്കുന്ന മകുടം മാറ്റച്ചന്തയില്‍ മാത്രമേ ലഭിക്കുകയുള്ളു. കൃഷ്ണന് എന്ന വ്യക്തിയാണ് ആണ്ട് തോറും താന്‍ നിര്‍മ്മിച്ച മകുടങ്ങള്‍ വില്പനയ്ക്കായി മാറ്റച്ചന്തയിലെത്തിക്കുന്നത്.
മാറ്റച്ചന്തയുടെ പ്രൊമൊ വീഡിയൊ മുസിരിസ് മാനേജിംഗ് ഡയറക്ടര്‍ പി.എം. നൗഷാദ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇത്തവണ ഇരുന്നൂറോളം സ്റ്റാളുകള്‍ മാറ്റച്ചന്തയിലുണ്ടാകും. പഴയകാല മാറ്റച്ചന്തയെ അനുസ്മരിപ്പിക്കുവാനായി ,പ്ലാസ്റ്റിക് ഒഴിവാക്കി ഓല കൊണ്ടാണ് ഇത്തവണ സ്റ്റാളുകള്‍ മേയുന്നത്. ഇതിനായി കുടുംബശ്രീ പ്രവത്തകരുടെ സഹകരണത്തോടെയുള്ള ഓല മേയല്‍ പുരോഗമിക്കുകയാണ്.