അക്ഷയ പ്രവര്‍ത്തകര്‍ മനുഷ്യരുടെ ജീവിതത്തില്‍ ഏറ്റവും സജീവമായി ഇടപെടുന്ന വിഭാഗമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ അക്ഷയ സംരംഭത്തിന്റെ 20-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അക്ഷയ സംരംഭകര്‍ക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സാങ്കേതിക വിദ്യയുടെ വികാസം ഓഫീസുകളെ ആശ്രയിക്കാതെ സേവനങ്ങള്‍ ലഭിക്കുന്ന സാഹചര്യം രൂപപ്പെടുത്തിയിട്ടുണ്ട്. അത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ എല്ലാവര്ക്കും കഴിയാതിരുന്ന ഘട്ടത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന വിധത്തിലേക്ക് മാറി. അതുയര്‍ത്തുന്ന വെല്ലുവിളി തിരിച്ചറിയുകയും വേണം. നിയമ പ്രകാരമല്ലാതെ ഇത്തരം സേവനങ്ങള്‍ നല്കുന്ന കേന്ദ്രങ്ങളെ നിയമപമരായി നേരിടാനാകുമെന്നും മന്ത്രി പറഞ്ഞു. ഐഎസ്ഒ സര്ട്ടിഫിക്കേഷന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭിക്കുകയെന്നത് ഏറെ അഭിന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ഐഎസ്ഒ 9001 – 2015 അംഗീകാരം നേടിയ ഒന്‍പത് അക്ഷയ സംരംഭകര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സുമയ്യ ഹസന്, സ്മൃതി ഗോപാലന്, കെ.എന്‍. സാജു, അരവിന്ദ്, എന്‍.എസ്.സുമ, നസല്‍, സോണിയ രാജീവ്, ബി.സുധ ദേവി, എം.പി. ചാക്കോച്ചന് എന്നിവരാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മുഖ്യകണ്ണിയായി പ്രവര്‍ത്തിക്കുകയാണ് അക്ഷയ കേന്ദ്രങ്ങളെന്ന് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന് എം.പി. പറഞ്ഞു. ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അക്ഷയ ചീഫ് കോ-ഓഡിനേറ്ററായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സ്വാഗതം ആശംസിച്ചു. അക്ഷയ സംരംഭകരുടെ മക്കളില്‍ 2022 ലെ കലാകായിക മേഖലകളില്‍ കഴിവ് തെളിയിച്ചവരെ നടി അഞ്ജലി നായര്‍ മെമെന്റോ നല്കി ആദരിച്ചു.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ വിഷ്ണു കെ. മോഹന്‍, പ്രോഗ്രാം കണ്‍വീനര്‍ പി.ആര്. സല്‍ജിത്ത്, തൃക്കാക്കര നഗരസഭ വൈസ് ചെയര്മാന് എ.എ. ഇബ്രാഹിം കുട്ടി, കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ സി.പി. ജീന്‍സി, ജില്ലയിലെ അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.