കഴിഞ്ഞ സാമ്പത്തിക വർഷം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടികജാതി വിഭാഗക്കാരായ 96 ഗുണഭോക്താക്കൾക്കായി 72 ലക്ഷം രൂപയുടെ വിവാഹ ധനസഹായവും ചികിത്സാ ധനസഹായമായി 45,32,800 രൂപയും സർക്കാർ വിതരണം ചെയ്തു. പി.വി ശ്രീനിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ചേർന്ന കുന്നത്തുനാട് നിയോജക മണ്ഡലതല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്.
മണ്ഡല പരിധിയിൽ വരുന്ന എട്ട് പഞ്ചായത്തുകളിലായി 272 പേർക്കാണ് ചികിത്സാ ധനസഹായത്തിന്റെ ഗുണഫലം ലഭിച്ചത്. ഭവന രഹിതരായ 20 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നതിനായി 66 ലക്ഷം രൂപയും വിതരണം ചെയ്തു. നാലുപേർക്ക് വിദേശ തൊഴിൽ ധനസഹായവും ഒൻപത് പേർക്ക് മിശ്രവിവാഹ ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 20ലധികം പദ്ധതികളായിരുന്നു മണ്ഡലത്തിൽ നടപ്പാക്കിയിരുന്നത്.
പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായുള്ള സർക്കാർ പദ്ധതികൾ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായി നടപ്പാക്കുന്നതിനാണ് നിയോജക മണ്ഡലം തലത്തിൽ മോണിറ്ററിംഗ് സമിതി പ്രവർത്തിക്കുന്നത്. ബുധനാഴ്ച രാവിലെ ചേർന്ന യോഗത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ അവലോകനം നടത്തി. വടവുകോട്, വാഴക്കുളം ബ്ലോക്കുകളിലെ പട്ടികജാതി വികസന ഓഫീസർമാർ സംയുക്തമായി റിപ്പോർട്ട് അവതരിപ്പിച്ചു. അടുത്ത യോഗം മുതൽ പൊലീസ് പ്രതിനിധികളെ കൂടി ഉൾപ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ്, വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വർഗീസ്, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്സ്, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ വിൽസൺ മത്തായി, ടി.ഇ.ഒ അനൂപ്, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.