64-കോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ പരിഗണനയില്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസിന്റെ ഭരണാനുമതി നഷ്ടമായി എന്ന യു.ഡി.എഫ് പ്രചരണം അടിസ്ഥാന രഹിതമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ബൈപാസിന് 2018 ഡിസംബര്‍ ഏഴിനാണ് ഭരണാനുമതി ലഭിച്ചത്. മൂന്ന് വര്‍ഷമാണ് ഇതിന്റെ കാലാവധി. 2021 ഡിസംബര്‍ ഏഴ് വരെ ഭരണാനുമതിയുള്ള ബൈപാസിന്റെ ഭരണാനുമതി നഷ്ടമായിയെന്ന് കള്ളപ്രചരണം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് യു.ഡി.എഫിന്റെശ്രമമെന്നും എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 64 കോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ബൈപാസിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തടസങ്ങളും തുടര്‍ച്ചയായിയുണ്ടായ പ്രളയവും കോവിഡ് 19ന്റെയും പശ്ചാത്തലത്തില്‍ ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകിയതോടെ എസ്റ്റിമേറ്റ് പുതുക്കി നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ പുതുക്കിയ 64 കോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
നേരത്തെ 50 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബി യോഗം അംഗീകരിക്കുന്നതോടെ ബൈപാസ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. 2008-ല്‍ നിര്‍മ്മാണം ആരംഭിച്ച മൂവാറ്റുപുഴ ബൈപാസിന്റെ 400 മീറ്റര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. 2011-16 കാലയളവില്‍ മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലില്‍ പാലം നിര്‍മ്മാണവും പൂര്‍ത്തിയായി. നെല്‍വയലുകള്‍ അടക്കമുള്ള സ്ഥലമാണ് ബൈപാസിനായി കണ്ടെത്തിയിരുന്നത്. 12-വര്‍ഷം മുമ്പ് സ്ഥലമളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച സര്‍വ്വേ കല്ലുകളില്‍ പലതും അപ്രതിക്ഷമായി. ഈ സ്ഥലങ്ങളെല്ലാം പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അപ്രതിക്ഷമായ സര്‍വ്വേ കല്ലുകള്‍ പുനസ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പണം അനുവദിക്കേണ്ടത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂര്‍കുന്നം വില്ലേജിന്റെ പരിധിയില്‍ വരുന്ന 400 മീറ്റര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായെങ്കിലും വെള്ളൂര്‍കുന്നം വില്ലേജിന് കീഴില്‍ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതല്‍ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റര്‍ ദൂരമാണുള്ളത്. 1.26 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിനായി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവര്‍ത്തന കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന പരിവര്‍ത്തന കമ്മിറ്റിയുടെ പരിഗണനയിലാണ്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നു ആരംഭിച്ച് എംസി റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ് മൂവാറ്റുപുഴ ബൈപാസ്. മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂവാറ്റുപുഴ ടൗണ്‍ വികസനവും മൂവാറ്റുപുഴ ബൈപാസും. കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോള്‍ മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നം വരെയും, പി.ഒ.ജംഗ്ഷന്‍വരെയും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു. നഗര വികസനം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ട് പോകുകയും നഗരവികസനം സ്വപ്നമായി മാറുകയും ചെയ്തതോടെ നഗരവികസനത്തിന്റെ ആവശ്യകത മനസിലാക്കി നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായത്. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കലും ആരംഭിക്കും. മൂവാറ്റുപുഴയുടെ സ്വപ്നപദ്ധതികളായ ടൗണ്‍ വികസനവും ബൈപാസ് നിര്‍മ്മാണവും എത്രയും വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികളാണ് നടന്ന് വരുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു