മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെടല്‍ തുണയായി.ജില്ലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് അനുവദിച്ച തുക വിതരണത്തിനൊരുങ്ങുന്നു. ജില്ലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് അനുവദിച്ച തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ വകുപ്പ് മന്ത്രി എ.കെ.ബാലന് കഴിഞ്ഞമാസം കത്ത് നല്‍കിയിരുന്നു.
പട്ടികജാതി വിഭാഗത്തില്‍പെട്ട ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിന് പഞ്ചായത്തുകളില്‍ 3.45-ലക്ഷം രൂപയും, നഗരസഭകളില്‍ 4.50-ലക്ഷം രൂപയുമാണ് നല്‍കുന്നത്. ജില്ലയില്‍ 101-അപേക്ഷകര്‍ക്കാണ് പണം ലഭിക്കാനുള്ളത്. ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നും, നഗരസഭകളില്‍ നിന്നും പട്ടികജാതി വികസന വകുപ്പിന് ലഭിച്ച അപേക്ഷകരില്‍ സ്വന്തമായി ഭൂമിയില്ലന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്കിയ ആളുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമി വാങ്ങുന്നതിനായി പണം അനുവദിച്ചതോടെ പലരും ഭൂമി വാങ്ങുന്നതിനായി സ്ഥലത്തിന് അഡ്വാന്‍സ് നല്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഭൂമി സ്വന്തം പേരില്‍ വാങ്ങിയാല്‍ മാത്രമേ ഇവര്‍ക്ക് അതാത് പഞ്ചായത്തുകളും, നഗരസഭകളും അനുവദിച്ച വീട് നിര്‍മിക്കാന്‍ കഴിയുകയുള്ളു. പട്ടികജാതി വികസന ഓഫീസില്‍ കയറി ഇറങ്ങി മടുത്ത ആളുകള്‍ പണം ലഭ്യാമാക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ സമീപിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എം.എല്‍.എ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്.