കൊച്ചി: നവകേരള സദസിനായി പെരുമ്പാവൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ മതില് പൊളിക്കണമെന്ന് സംഘാടക സമിതിയുടെ നിര്‍ദേശം.പരാതിക്കാര്‍ക്ക് വരാൻ വേണ്ടി സ്കൂള്‍ മതില്, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിക്കണമെന്നാണ് നിര്‍ദേശം.
ഇതുസംബന്ധിച്ച് നവകേരള സദസ് സംഘാടക സമിതി ചെയര്മാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്തു നല്കി. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനര്‍ നിര്‍മിക്കുമെന്നും കത്തില്‍ പറയുന്നു.
മതില് പൊളിക്കുന്നത് നവകേരള ബസിന് സ്കൂളിനുള്ളില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ്. സ്കൂളിന്റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യണം. ഇതിനോട് ചേര്‍ന്നുള്ള മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റണം, പഴയ കോണ്‍ക്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കണം, മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്നു മീറ്ററായി വര്‍ധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, നവകേരള ബസിനു വേദിക്കരികിലെത്താൻ മലപ്പുറം തിരൂര്‍ ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂളിന്റെ മതില് പൊളിച്ചിരുന്നു. വയനാട്ടിലെ നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി ജിവിഎച്ച്എസ്എസിന്റെ മതിലിന്റെ ഒരു ഭാഗവും പൊളിച്ചിരുന്നു.