കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തി.
ഉന്നതവിദ്യാഭ്യാസവകുപ്പ് നിയമിച്ച സമിതി അംഗങ്ങളാണ് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ നിന്നു വന്ന രണ്ടുപേരാണ് ഓഡിറ്റോറിയത്തില്‍ അപകടത്തിന്റെ സാങ്കേതികത അടക്കം പരിശോധിക്കുന്നത്. ഓഡിറ്റോറിയത്തിലേക്കുള്ള പടിക്കെട്ടുകളും പുറത്തേക്ക് കടക്കാൻ മറ്റു വാതിലുകള്‍ ഇല്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ഇവയെല്ലാം വിദഗ്ധസംഘം പരിശോധിക്കും.
കുസാറ്റ് ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേര്‍ന്നിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ വിദഗ്ധ സമിതി അംഗങ്ങളും പങ്കെടുക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗത്തില്‍ അപകടത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തുക.