പെരുമ്പാവൂര്‍ : മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ ടാറിങ് അടിയന്തിരമായി നടത്തി സഞ്ചാരയോഗ്യമാ ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പെരുമ്പാവൂര്‍ പൊതുമരാമത്ത് ഓഫീസിനു മുന്പില് മെറ്റല്‍ റീത്ത് സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ 42 റോഡുകള്‍ കുഴികള്‍ നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ വേണ്ടവിധത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജനകീയ സമരത്തിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ബഹുജനങ്ങള്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്.
മണ്ഡലത്തിലെ തകര്‍ന്ന പ്രധാന പാതകളായ എംസി റോഡ് , ആലുവ_ മൂന്നാര്‍ റോഡ് ഇവയുടെ പുനര്‍ നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നിട്ട് 6 മാസം കഴിഞ്ഞിട്ടും , ഈ വിഷയം സംബന്ധിച്ച് നീയമ സഭയില്‍ പല വട്ടം സ്ബ്മിഷന്‍ അവതരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് അതീവ ദുഃഖകരവും പെരുമ്പാവൂരുകാരോടുള്ള കടുത്ത അവഗണനയുമാണെന്ന് പ്രതിഷേധ യോഗത്തില്‍ എംഎല്‍എ പറഞ്ഞു. ഡിസംബര്‍ മാസത്തോടെ സ്കൂളുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കുന്നതോടെ പൊതുജനങ്ങളുടെയും കുട്ടികളുടെയും യാത്രാ ദുരിതം ഏറുന്നത് കയ്യും കെട്ടി നോക്കി നില്ക്കാനുവില്ലെന്നും റോഡുകള്‍ സഞ്ചാര്യ യോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ നടപടികള്‍ ആരംഭിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.
പ്രതിഷേധ സമരത്തില്‍ പെരുമ്പാവൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ പി വര്‍ഗീസ്, പെരുമ്പാവൂര്‍ നഗരസഭ ചെയര്മാന് സക്കീര്‍ ഹുസൈന്,ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പോള്‍ ഉത്പ്പ്, വി എം ഹംസ, ബേസില്‍ പോള്‍, ഒ ദേവസി, , പി പി അവരച്ഛന്, മോളി തോമസ്, കമല്‍ ശശി, സി കെ രാമകൃഷ്ണന് , എം. ഡി ജോര്‍ജ്, രാമകൃഷ്ണന്, വി, എച്. മുഹമ്മദ്, ടി ആര് പൗലോസ്, നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ നൂറു കണക്കിനാളുകള്‍ സംബന്ധിച്ചു.