കൊച്ചി : ഷവര്‍മ കഴിച്ചുവെന്നു കരുതുന്ന കോട്ടയം സ്വദേശി രാഹുല്‍ ഡി.നായര്‍ (24) മരിച്ച സംഭവത്തിന് പിന്നാലെ സമാനരീതിയിലെ ഭക്ഷ്യവിഷബാധയുമായി 6 പേര് കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്കി. കാക്കനാട് സ്വദേശികളായ ഐഷ്ന അജിത് (34), അഥര്‍വ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണു വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയതായി കണ്ടെത്തിയത്. മരണമടഞ്ഞ രാഹുലിനെ സണ്‍റൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു 2 പേര് കൂടി ഇതേ ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയതായി ആശുപത്രി അധികൃതരും ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്കി.
അതേസമയം രാഹുലിന്റെ രക്തം അമൃതയില്‍ വിശദമായി പരിശോധി ച്ചപ്പോള്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്‍മൊണല്ല ബാക്ടീരി യയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. രാഹുലിന്റെ സഹോദരന് കാര്‍ത്തിക്കിന്റെ പരാതിയില്‍ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.