കൊച്ചി:മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രണ്ടുദിവസത്തിനകം പുതിയ ടാസ്ക് ഫോഴ്സിന് രൂപം നല്കി ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അപ്പീലുകളില്ലാത്ത കയ്യേറ്റങ്ങള്‍ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്ക്ഫോഴ്സിന്റെ ചുമതല. വീട് നിര്‍മിക്കാന്‍ ഒരുസെന്റില്‍ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കില്‍ അതിനു പട്ടയം നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും, അനധികൃത നിര്‍മാണം തടയണമെന്നുമാവശ്യപ്പെട്ട് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
മൂന്നാര്‍ മേഖലയില്‍ 310 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുള്ളതില്‍ 70 കേസുകളിലാണ് അപ്പീല്‍ നിലവിലുള്ളത്. അപ്പീലുകളില്‍ കലക്ടര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. ശേഷിച്ച കേസുകളില്‍ കയ്യേറ്റങ്ങള്‍ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്ക്ഫോഴ്സിന്റെ ചുമതല. വീട് നിര്‍മിക്കാന്‍ ഒരുസെന്റില്‍ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കില്‍ അതിനു പട്ടയം നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട മൂന്നാര്‍ സ്പെഷല്‍ ബെഞ്ച് വിശദാംശങ്ങള്‍ തേടി. മൂന്നാര്‍ മേഖലയില്‍ കയ്യേറി നിര്‍മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇവയുടെ പ്രവര്‍ത്തനം നിര്ത്തിവയ്പിക്കാന് പൊലീസിനുള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവാത്ത ദുരന്ത സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
എന്നാല്‍ ഇത്തരം മേഖലകള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍നിന്ന് റിപ്പോര്‍ട്ടും കോടതി തേടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാലേ ഇടപെടാനാവൂയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.